2500 വര്‍ഷം പഴക്കമുള്ള സാങ്കേതിക വിദ്യയിലൂടെ മല തുരന്ന് ജലം പുറത്തെടുക്കുന്ന കുഞ്ഞമ്പുവേട്ടന്‍; അദ്ധ്വാനിയായ ഈ സാഹസികന്‍ നിര്‍മ്മിച്ചത് ആയിരത്തിലധികം സുരങ്കങ്ങള്‍

കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി, പുറത്ത് വേനല്‍ കത്തുമ്പോള്‍ ഭൂമിക്കടിയിലൂടെ കയ്യില്‍ മെഴുകുതിരി വെട്ടവുമായി കുഞ്ഞമ്പുവേട്ടന്‍ ‘സുരങ്ക’ (തുരങ്കം) നിര്‍മിച്ചു മുന്നേറുകയായിരുന്നു. നാം ഭൂമിക്കു മുകളിലൂടെ എത്തിച്ചേരാത്ത ലക്ഷ്യങ്ങളിലേയ്ക്കു സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ കുഞ്ഞമ്പുവേട്ടന്‍ കുടിവെള്ളമെന്ന ലക്ഷ്യത്തിലേയ്ക്ക് ഭൂമിക്കടിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

വേനല്‍ കനത്തു തുടങ്ങിയാല്‍ കാസര്‍ക്കോട് പൊയിനാച്ചിയിലെ കുണ്ടംകുഴിയില്‍ കുഞ്ഞമ്പുവേട്ടനെ കാണണമെങ്കില്‍ ഭൂമിക്കടിയിലേക്ക് പോകണം. തുളുനാടന്‍ മലനിരകളില്‍ മണ്ണിനോടും പാറയോടും ജലത്തോടും പൊരുതി അത്യപൂര്‍വ്വമായൊരു സാഹസീക അദ്ധ്വാന ജീവിതത്തിലാകും സദാസമയവും ഈ ജലമനുഷ്യന്‍. വടക്കന്‍ കാസര്‍ക്കോടിന്റെയും തുളുനാടിന്റെയും വലിയൊരു ഭാഗം പ്രദേശങ്ങളെങ്കിലും വേനല്‍ക്കാലത്ത് വെള്ളം കുടിക്കണമെങ്കില്‍ കുഞ്ഞമ്പുവേട്ടന്‍ തന്നെ കനിയണം. ഭൂമിക്കടിയില്‍ കുഞ്ഞമ്പുവേട്ടന്‍ തുരക്കുന്ന ജലസ്രോതസ്സുകളായ സുരങ്കകളില്ലെങ്കില്‍ ഈ ഗ്രാമങ്ങള്‍ കരിഞ്ഞുണങ്ങിയേനേ.

കര്‍ണ്ണാടകയിലെ ബിദറിലെ നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള യുനസ്‌ക്കോയുടെ ലോകപൈതൃക നിരീക്ഷണപട്ടികയിലുള്ള തുരങ്കജലസ്രോതസ്സുകള്‍ക്ക് ജീവന്‍ നല്‍കിയത് കുഞ്ഞമ്പുവേട്ടനാണ്. ബിദറിലെ ജില്ലാ കലക്ടര്‍ വന്നാണ് കുഞ്ഞമ്പുവേട്ടനെ കൂട്ടിക്കൊണ്ടു പോയത്. രാജ്യത്തെ പ്രമുഖ ഭൗമശാസ്ത്രജ്ഞര്‍ പങ്കെടുത്ത ചടങ്ങില്‍ അന്ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമാണ് കുഞ്ഞമ്പുവേട്ടനെ ആദരിച്ചത്.

മണ്ണില്‍ പണിയെടുക്കുകയും മണ്ണുപുരണ്ട ജീവിതവുമായത് കൊണ്ടാകണം മലയാളികള്‍ ഈ മനുഷ്യനെ വേണ്ട വിധം തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ 65 വയസ്സുള്ള കുഞ്ഞമ്പുവേട്ടന്‍ ഇതിനകം ആയിരത്തിലേറെ തുരങ്കങ്ങളാണ് കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍, ദക്ഷിണ കര്‍ണാടകം എന്നിവയുടെ ചില പ്രദേശങ്ങളിലും നിര്‍മിച്ചിട്ടുള്ളത്.

ഭൂമിക്കടിയില്‍ നീളമേറിയ തുരങ്കം നിര്‍മിച്ച് ഭൂഗര്‍ഭ ജലത്തെ വെളിയിലേയ്ക്ക് ഒഴുക്കിക്കൊണ്ടുവരുന്ന രീതിയാണ് കാസര്‍ഗോഡ്, ദക്ഷിണ കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ സുരങ്ക എന്ന് അറിയപ്പെടുന്നത്. കിണറിനു പകരം ഭൂമിയുടെ ചരിവുള്ള സ്ഥലങ്ങളില്‍നിന്ന് വെള്ളത്തിന്റെ ഉറവുള്ള സ്ഥലത്തേക്ക് മണ്ണു മാന്തി തുരങ്കമുണ്ടാക്കി വെള്ളം പുറത്തേയ്ക്ക് കൊണ്ടുവരുന്നു. ഇത് ടാങ്കുകളില്‍ ശേഖരിച്ച് വെച്ച് കൃഷി ആവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാം ഉപയോഗിക്കുന്നു.

ഭൂമിയില്‍ വെള്ളമുള്ള സ്ഥലം നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഭൂമിയുടെ കിടപ്പനുസരിച്ച് ചരിവുള്ള സ്ഥലത്തുനിന്ന് ജല ലഭ്യത നിര്‍ണയിച്ച സ്ഥലത്തിന്റെ ആഴത്തിലേയ്ക്ക് തുരങ്കമുണ്ടാക്കുന്നു. കിണറുകള്‍ ഭൂമിക്കടിയിലേയ്ക്ക് കുത്തനെയാണ് നിര്‍മിക്കുന്നതെങ്കില്‍ സുരങ്ക ഭൂമിക്ക് തിരശ്ചീനമായി നിര്‍മിക്കുന്നു. കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍ ജില്ലയുടെ ചില പ്രദേശങ്ങളിലും ദക്ഷിണ കര്‍ണാടകത്തിലും ഇത്തരം തുരങ്കങ്ങളുണ്ട്. ഇവിടങ്ങളില്‍ മാത്രം വെള്ളം ശേഖരിക്കുന്നതിനുള്ള ഈ പ്രത്യേക രീതി എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. ദക്ഷിണ കര്‍ണാടകം ഉള്‍പ്പടുന്ന ഈ മേഖലയില്‍ തുരങ്കനിര്‍മാണ രീതി പരിചയപ്പെടുത്തിയത് അറബികളാണെന്ന് കരുതപ്പെടുന്നു. മലഞ്ചെരുവിലെ ഉള്ളറകളിലില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടുവരുന്ന രീതി 2500 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ലോകത്തിന്റെ പല മേഖലകളിലും ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു.

കിണറിനു പകരം തുരങ്കങ്ങളിലൂടെ ജലശേഖരണം നടത്താന്‍ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ഒരു കാരണമായിട്ടുണ്ടാകണം. കട്ടികൂടിയ ചെങ്കല്ലും കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്ത് മലഞ്ചെരിവ് തുരന്ന് വെള്ളം ശേഖരിക്കുകയായിരുന്നു പ്രായോഗികം. കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള പൈവൊളിഗെ ഗ്രാമത്തില്‍ മാത്രം രണ്ടായിരത്തഞ്ഞൂറോളം തുരങ്കങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

കുഴല്‍ കിണറുകള്‍ ഉപയോഗിച്ച് നടക്കുന്ന അമിതമായ ജലചൂഷണം ഭൂഗര്‍ഭജലത്തെ അപകടകരമാംവിധം ഇല്ലാതാക്കുമ്പോള്‍ പരമ്പരാഗത ജല ശേഖരണ രീതിയായ തുരങ്കങ്ങള്‍ പ്രകൃതിയ്ക്ക് കോട്ടം തട്ടാതെ ജലം ശേഖരിക്കാന്‍ സഹായിക്കുന്നു. തുരങ്കങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന ജലത്തിന്റെ ഗുണത്തിലും വലിയ വ്യത്യാസമുണ്ട്.

ഭൂമിയില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളെക്കുറിച്ച് കുഞ്ഞമ്പുവേട്ടനറിയാം. കാലങ്ങളായുള്ള പരിചയത്തിലൂടെ സ്വായത്തമാക്കിയതാണ് ജലമുള്ള സ്ഥാനം നിര്‍ണയിക്കാനുള്ള ഈ കഴിവ്. സുരങ്ക നിര്‍മാണത്തിന്റെ ആദ്യപടിയായി സ്ഥാനനിര്‍ണയം ചെയ്യും. കിണര്‍ കുഴിക്കുന്നതിനു മുന്‍പ് സ്ഥാനം കാണുന്നതുപോലെതന്നെയാണിത്. ഭൂമിയുടെ കിടപ്പ്, ചില പ്രത്യേക ഇനം സസ്യങ്ങളുടെ സാന്നിധ്യം തുടങ്ങിയ ചില ലക്ഷണങ്ങളൊക്കെയുണ്ട് ജലസാന്നിധ്യം തിരിച്ചറിയാന്‍. ഭൂമിക്കടിയില്‍ എത്ര ആഴത്തിലാണ് വെള്ളമുള്ളത് എന്നകാര്യം നിര്‍ണയിച്ചു കഴിഞ്ഞാല്‍ മറ്റൊരു ഭാഗത്ത്, ഭൂമിയുടെ ചരിവില്‍നിന്ന് അത്രയും ആഴം കിട്ടുന്ന സ്ഥലത്തേയ്ക്കു വേണം തുരങ്കം നിര്‍മിക്കാന്‍.

തുരങ്കനിര്‍മാണം അല്‍പം സാഹസികത ആവശ്യമുള്ള ജോലിയാണ്. തുരങ്കം നിര്‍മിച്ച് ഭൂമിക്കുള്ളിലേയ്ക്ക് കടക്കുന്നതോടെ വെളിച്ചം കുറഞ്ഞുകുറഞ്ഞുവരും. വലിപ്പമുള്ള മെഴുകുതിരികള്‍ കത്തിച്ച് തുരങ്കത്തിന്റെ ഭിത്തിയില്‍ കുത്തിനിര്‍ത്തും. അതിന്റെ വെളിച്ചത്തിലാണ് ജോലി ചെയ്യുക. ചിലപ്പോള്‍ ഓക്സിജന്റെ കുറവു മൂലം മെഴുകുതിരി കെട്ടുപോകുന്ന സാഹചര്യമുണ്ടാകും. അങ്ങനെയുള്ളപ്പോള്‍ തലയില്‍ ഉറപ്പിക്കാവുന്ന ഇലക്ട്രിക് ലൈറ്റുകള്‍ ഉപയോഗിച്ചാവും ജോലി.

ദൈര്‍ഘ്യമേറിയ തുരങ്കങ്ങള്‍ക്കുള്ളില്‍ ചിലപ്പോള്‍ ഓക്സിജന്‍ കുറയുന്നതു മൂലം ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അപകടകരമായി ജോലി ചെയ്യേണ്ടിവന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് കുഞ്ഞമ്പുവേട്ടന്റെ തുരങ്കനിര്‍മാണ ജീവിതത്തിനിടയില്‍. ചിലപ്പോള്‍ തുരങ്കത്തിനുള്ളില്‍ ഫാന്‍ കടത്തി വായു പ്രവാഹമുണ്ടാക്കി തുരങ്കനിര്‍മാണം നടത്തേണ്ടിവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!