അനവധി സപ്ലികളുമായി പഠനത്തില്‍ പിന്‍നിരയിലായ കോളെജ് ജീവിതം; ഇന്ന് ഇന്ത്യയിലെ പ്രായം കുറഞ്ഞ ശതകോടീശ്വരന്‍; ഇത് പേടിഎം സ്ഥാപകന്റെ ജീവിതം

ഒരു സുപ്രഭാതത്തില്‍ പടര്‍ന്ന് പന്തലിച്ച കമ്പനിയാണ് പേടിഎം. പണഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് മോദി സര്‍ക്കാര്‍ ശ്രമം ആരംഭിച്ചതോടെയാണ് കമ്പനിയുടെ ശുക്രദശ തുടങ്ങുന്നത്. ശതകോടീശ്വരന്മാരുടെ പട്ടികയായ ഫോബ്‌സ് ലിസ്റ്റില്‍ ഇത്തവണ ഇടം പിടിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎം സ്ഥാപകന്‍. എന്നാല്‍ ഇന്ന് കാണുന്നപോലെ ഒന്നും ആയിരുന്നില്ല വിജയ് ശേഖറിന്റെ മുന്‍കാല ജീവതം.

14-ാം വയസ്സില്‍ത്തന്നെ ഹയര്‍ സെക്കന്‍ഡറി പാസ്സായിട്ടാണ് വിജയ് എന്ന കൊച്ചുമിടുക്കന്‍ അലിഗഡില്‍നിന്ന് ഉപരിപഠനത്തിനായി വണ്ടി കയറുന്നത്. ഡല്‍ഹി കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പടി കയറുമ്പോള്‍ പയ്യന് പ്രായം വെറും 15. എന്നാല്‍ സ്‌കൂളിലെ ഈ മുന്‍നിരക്കാരന്‍ കോളജില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ക്ലാസിന്റെ പിന്‍നിരയിലെത്തി. പരീക്ഷ കഴിഞ്ഞപ്പോള്‍ സപ്ലികള്‍ വേറെയും. ഡല്‍ഹിയെന്ന വിശാല ലോകം കണ്ട് കണ്ണു മഞ്ഞളിച്ചതല്ല, മറിച്ച്, ഹിന്ദി മീഡിയത്തില്‍ പഠിച്ച വിജയ്ക്ക് മഹാനഗരത്തിലെ ഇംഗ്ലിഷ് ദഹിക്കാതെ പോയതായിരുന്നു കാരണം. പ്രായത്തില്‍ ഇളപ്പമുള്ള വിജയിനോടുള്ള മറ്റ് വിദ്യാര്‍ഥികളുടെ സമീപനവും അത്ര നല്ലതായിരുന്നില്ല. നാണംകുണുങ്ങിയായ നാട്ടിന്‍പുറത്തുകാരന് ഹോസ്റ്റലിലും കോളജിലുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നത് കടുത്ത റാഗിങ്.

പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ പടപൊരുതിയാണ് 1.7 ബില്യന്‍ ഡോളര്‍ ആസ്തിയുമായി വിജയ് ഫോബ്സ് പട്ടികയിലെ 1349-ാം റാങ്കുകാരനായത്. മൊബൈല്‍ വോലറ്റ് ആപ്ലിക്കേഷനായ പേടിഎമ്മിന്റെ 16 ശതമാനം ഓഹരികള്‍ക്കുടമയാണ് വിജയ്. ക്ലാസില്‍നിന്ന് പലപ്പോഴും മുങ്ങിയ വിജയ് ഏറെ സമയം ചെലവഴിച്ചത് കംപ്യൂട്ടറിന്റെ മുന്നിലാണ്. ഇന്റര്‍നെറ്റിനെ ഗുരുവും ഹോട്ട്മെയില്‍.കോം സ്ഥാപകന്‍ സബീര്‍ ഭാട്ടിയയെ റോള്‍ മോഡലുമായി കണ്ട് ആരുടെയും സഹായമില്ലാതെ ഇക്കാലയളവില്‍ കോഡിങ് പഠിച്ചു. ഒരേ പുസ്തകത്തിന്റെ ഇംഗ്ലിഷ്, ഹിന്ദി പതിപ്പുകള്‍ മാറി മാറി വായിച്ചും സുഹൃത്തുക്കളുടെയും പുസ്തകങ്ങളുടെയും മാസികകളുടെയും സഹായത്തോടെയും ഇംഗ്ലിഷിലുള്ള പ്രാവീണ്യക്കുറവ് നികത്താന്‍ ശ്രമിച്ചു.

കോളജില്‍ പഠിക്കുന്ന സമയത്തുതന്നെ എക്സ്എസ് കമ്യൂണിക്കേഷന്‍സ് എന്ന പേരിലൊരു കണ്ടന്റ് മാനേജ്മെന്റ് കമ്പനി ആരംഭിച്ചു. ഇതിനിടെ കോളജ് പഠനം കഴിഞ്ഞു. എക്സ്എസ് വിറ്റു കിട്ടിയ പണവും കടം വാങ്ങിയ തുകയുമൊക്കെയായി 2001ല്‍ വണ്‍97 കമ്യൂണിക്കേഷന്‍സ് എന്ന കമ്പനി ആരംഭിച്ചു. എന്നാല്‍ ബിസിനസ് നഷ്ടത്തിലായതോടെ പങ്കാളികളെല്ലാം വിജയ്യെ വിട്ടു പോയി. പോക്കറ്റില്‍ പത്തു രൂപ കൊണ്ടു തള്ളി നീക്കിയ ദിവസങ്ങള്‍. വണ്ടിക്കൂലിക്കു കാശില്ലാത്തതിനാല്‍ ചിലപ്പോഴൊക്കെ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചു. കടം വീട്ടാനായി അധ്യാപനം, കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് എന്നിങ്ങനെ പല പണിയും ചെയ്തു. ഇടക്കാലത്ത് ഒരു കമ്പനിയില്‍ കണ്‍സല്‍റ്റന്റായി ജോലി ചെയ്തെങ്കിലും സംരംഭകത്വ മോഹം വിട്ടു പോയില്ല. എട്ടു ലക്ഷം രൂപ മാതാപിതാക്കളുടെ പക്കല്‍ നിന്നു കടം വാങ്ങി വീണ്ടും ബിസിനസ്സിന് ഇറങ്ങി. പക്ഷേ വീണ്ടും നഷ്ടം സംഭവിച്ചു.

വണ്‍97 2011 ല്‍ മൊബൈല്‍ വാണിജ്യ പ്ലാറ്റ്ഫോമായ പേടിഎം ആരംഭിക്കുന്നതോടെയാണ് വിജയ്യുടെ തലവര മാറി മറിയുന്നത്. പക്ഷേ ഈ ആശയത്തിനും കമ്പനി ബോര്‍ഡില്‍നിന്ന് ആദ്യം അനുകൂല പ്രതികരണമല്ല ഉണ്ടായിരുന്നത്.നോട്ട് നിരോധനവും തുടര്‍ന്നുണ്ടായ ഡിജിറ്റല്‍ പണക്കൈമാറ്റവുമെല്ലാം പേടിഎമ്മിനെ വന്‍ വിജയമാക്കി. ഒപ്പം, സ്ഥിരപ്രയത്നശാലിയായ വിജയ് ശേഖര്‍ ശര്‍മയെയും. പേടിഎം മാള്‍, പേടിഎം പേയ്മെന്റ്സ് ബാങ്ക് എന്നിങ്ങനെ ഇന്ത്യയിലെ വന്‍ബിസിനസ് സംരംഭമായി വിജയ് ശേഖറും സംഘവും വളര്‍ന്നത് കണ്ണഞ്ചിക്കുന്ന വേഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!