ചങ്കൂറ്റം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥ; 18 വര്‍ഷം കൊണ്ട് 41 സ്ഥലംമാറ്റം വാങ്ങിയിട്ടും തളരാത്ത പോരാളി

രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി നല്‍കുന്ന അവാര്‍ഡ് നിരസിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച വനിതാ ഐപിഎസ് ഓപീസറാണ് രൂപ. കര്‍ണ്ണാടകയില്‍ സേവനമനുഷ്ഠിക്കുന്ന രൂപ തന്റെ മനക്കരുത്തുകൊണ്ട് മറ്റുപല വൈതരണികളും കടന്ന് ഏവര്‍ക്കും മാതൃകയായ വ്യക്തിത്വമാണ്. സര്‍വ്വീസില്‍ ഉടനീളം രാഷ്ട്രീയക്കാരുടെ നെറികേടുകള്‍ക്കെതിരെ പൊരുതുകയായിരുന്നു ഡി. രൂപ.

18 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ 41 തവണയാണ് രൂപയ്ക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയക്കാര്‍ അവരുടെ സത്യസന്ധതയ്ക്ക് നല്‍കിയ ‘പാരിതോഷികം’ കൂടിയായിരുന്നു ഈ സ്ഥലംമാറ്റങ്ങള്‍. ഇതുവരെയുള്ള സ്വന്തം അനുഭവങ്ങളെപ്പറ്റി രൂപ സംസാരിക്കുന്നു.

Image result for d roopa ips karnataka

തന്റെ അനുഭവങ്ങളെക്കുറിച്ച് രൂപ പറയുന്നതിങ്ങനെ: ‘വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അന്ന് എട്ടു വയസ്സായിരുന്നു പ്രായം. അന്നു മുതലേ സിവില്‍ സര്‍വീസ് ആയിരുന്നു എന്റെ മനസ്സ് മുഴുവന്‍. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും എന്റെ ആഗ്രഹത്തിന് മാറ്റമൊന്നും ഉണ്ടായില്ല. രണ്ടായിരത്തിലെ യുപിഎസ്സി പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ എനിക്ക് 43 ാം റാങ്ക് ആയിരുന്നു. അങ്ങനെ ഞാനൊരു ഐപിഎസ് ഓഫിസറായി. കഴിഞ്ഞ 18 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ 41 തവണ എനിക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഞാനീ ‘വൃത്തികെട്ട’ ജോലി ഇന്നും ചെയ്യുന്നു. എല്ലാവരും ചോദിക്കാറുണ്ട് ഇത്രത്തോളം പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്യാനുള്ള ധൈര്യം എങ്ങനെ കിട്ടിയെന്ന്. കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് സത്യത്തിനു വേണ്ടി പോരാടാനുള്ള ചങ്കൂറ്റം കാണിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. മരണം വരെയും അതങ്ങനെ തന്നെയായിരിക്കും.

2004 ല്‍ ധാര്‍വാഡില്‍ ജോലി ചെയ്യുന്ന കാലം, അന്ന് ഒരു പ്രബലനായ രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള ചുമതല എനിക്ക് ലഭിച്ചു. അദ്ദേഹം മുന്‍ എംപിയും മുഖ്യമന്ത്രിയുമെല്ലാം ആയിരുന്നു. പ്രകോപനപരമായി പ്രസംഗം നടത്തിയതിനും ഇതുമൂലം അണികള്‍ പൊതുമുതല്‍ നശിപ്പിച്ചതുമാണ് ഇയാള്‍ക്കെതിരായ കേസ്. 2013 ല്‍ ബെംഗളൂരു സിറ്റിയില്‍ ഡിസിപിയായി ചാര്‍ജെടുത്തു. അന്ന് നിയമപരമായല്ലാതെ രാഷ്ട്രീയക്കാര്‍ക്ക് സുരക്ഷയൊരുക്കിയിരുന്ന 216 ഗണ്‍മാന്‍മാരെ പിന്‍വലിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ എട്ട് എസ്യുവികളും പിന്‍വലിച്ചു. ഇതോടെ വീണ്ടും എനിക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചു. ജയില്‍ ഡിഐജിയായായിരുന്നു സ്ഥലം മാറ്റം. അവിടെയും ജയില്‍പുള്ളിയുടെ വസ്ത്രങ്ങള്‍ ധരിക്കാതെ ആഡംബര സൗകര്യങ്ങളോടെ ജയിലില്‍ സുഖജീവിതം നയിക്കുന്ന രാഷ്ട്രീയക്കാരെ കണ്ടു. അവരെയും വെറുതെ വിടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. 50 കോടിയുടെ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തത്.

Image result for d roopa ips karnataka

2003 ലാണ് ഞാന്‍ വിവാഹിതയായത്. രണ്ടുപേരുടെയും തിരക്കേറിയ ജോലി ജീവിതം. എനിക്ക് കുട്ടികളെ ശ്രദ്ധിക്കണം, പാചകം ചെയ്യണം, അതിനിടയ്ക്ക് ജോലി.. എന്റെ മകളെ ആദ്യത്തെ മൂന്നു വര്‍ഷം ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് ചേര്‍ത്തത്. പരിമിതമായ സുഖ സൗകര്യങ്ങള്‍ അറിഞ്ഞുവേണം മക്കള്‍ വളരാന്‍ എന്നാണു എന്റെ കാഴ്ചപ്പാട്. ധാരാളം അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴേ നമ്മള്‍ കൂടുതല്‍ കരുത്തരാകൂ.. ഞാനൊരു നല്ല അമ്മയും, ഭാര്യയും, സഹോദരിയും, സുഹൃത്തുമാവാന്‍ എന്നാല്‍ കഴിയുന്ന പോലെ ശ്രമിച്ചിട്ടുണ്ട്. എല്ലാത്തിനും ഉപരിയായി ജനങ്ങളെ സേവിക്കുകയാണ് എന്റെ ധര്‍മ്മം. അങ്ങേയറ്റം സുതാര്യമായും സത്യസന്ധമായും.-രൂപ പറയുന്നു.

രാഷ്ട്രീയ നേതാവിന്റെ എന്‍ജിഒ നല്‍കുന്ന അവാര്‍ഡ് എനിക്ക് വേണ്ട! രൂപ എന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കൊടുക്കാം കയ്യടി

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!